ഒരിടം

എനിക്ക് ഒരിടം വരെ പോകണം

“എവിടെയാമ്മാ?”

“എവിടെ?? വല്ലതും വാങ്ങാനാണെങ്കിൽ ലിസ്റ്റ് കൊടുക്ക്. അവരാരെങ്കിലും പോകും”

അതല്ല മൂന്നു ദിവസത്തേക്ക് ഒരിടത്ത്..

“അയ്യോ അമ്മ എന്റെ പ്രോജക്റ്റിന്റെ കാര്യം മറന്നോ”

“അപ്പോ എന്റെ എക്സ്സാം..”

“മൂന്നു ദിവസത്തേക്കൊ… ഒരിടത്തും വേണ്ട ഇവിടത്തെ കാര്യങ്ങൾ എങ്ങനെ നടക്കും?”

എനിക്ക് ഒരാളെ കാണണം

“ആരെ? ഫോൺ വിളിക്ക്. അല്ലെങ്കിൽ വീഡിയോ കോൾ… അല്ല വീട്ടിലിരിക്കുന്ന നിനക്ക് ഇത്ര അത്യാവശ്യമായി ആരെ കാണാനാ?”

കണ്ടുപിടിക്കണം എന്നിട്ട് ഒരുപാട് സംസാരിക്കണം…

“ഓഹോ ഇതിപ്പോ ആരേയാ തിരക്കിട്ട് കണ്ടുപിടിക്കണ്ടേ?? അതും എനിക്കറിയാത്ത ആരാ?”

ശരിയാ അറിയാൻ വഴിയില്ല

എന്നെ..

ഒന്നു കണ്ടു പിടിക്കണം…

ഇവിടെയൊക്കെ അന്വേഷിച്ചു…

കിട്ടില്ല..

തൂലിക

എന്റെ തൂലികതുമ്പിൽ നിന്ന്

നീയിറങ്ങി പോയതുകൊണ്ടാവാം

അതു ചലിക്കാൻ മറന്നത്…

അക്ഷരങ്ങളുമെന്നേ വെടിഞ്ഞ് നിന്നോടൊപ്പം വന്നുവോ???….

പുതുവത്സരം

പ്രതീക്ഷകൾക്ക് ചിറകുകൾ മുളയ്ക്കട്ടെ..

സ്വപ്നങ്ങൾ യാഥാർത്ഥ്യമാകട്ടെ..

പ്രയത്നിക്കുവാനും പ്രശംസിക്കാനും പൊറുക്കാനും പങ്കുവയ്ക്കാനും

കൂടുതൽ സ്നേഹിക്കാനും…

കഴിയട്ടെ..

പുതുവത്സരാശംസകൾ

നീ..

ഹൃദയം കൊണ്ട് പ്രണയിച്ചെങ്കിലിത്രയാഴത്തിൽ മുറിവേൽക്കില്ലായിരുന്നു

ഞാനവളെ പ്രണയിച്ചത് ആത്മാവ് കൊണ്ടായിരുന്നു

ഇനിയെത്ര ജന്മം കൊഴിഞ്ഞു പോയെങ്കിലെനിക്കു മോക്ഷം നിന്റെ ഓർമ്മകളിൽ നിന്ന്…

മെഴുകുതിരി

രൂപകൂടിനു മുന്നിലെ മെഴുകുതിരികളെക്കാൾ

ഉരുകിയൊലിക്കുന്നത്,,,

അത് വിൽക്കുന്ന എല്ലുന്തിയ വയസ്സന്റെ ഹൃദയമായിരുന്നു…

വിലപേശി വാങ്ങിയ മെഴുകുതിരികളുമെന്തിയവർ ആഗ്രഹങ്ങളുടെ ഭാണ്ഡം തുറന്നപ്പോൾ ദൈവമാ വയസ്സന്റെ ഹൃദയത്തിൽ ഒളിച്ചിരുന്നു…

00.00

നിന്റെയൊപ്പമെത്താൻ എത്ര വേഗത്തിലാണ് ഞാനോടുന്നത്

എന്നിട്ടും

ഞാനരികിലേത്താറാകുമ്പോൾ

നീയെന്തിനാണിങ്ങനെ വേഗത്തിൽ പായുന്നത്….

അന്നംമുട്ടിയവർ

ഹോട്ടലിനു പിറകിൽ മതിലിലിരുന്നു കരഞ്ഞ കാക്കയ്ക്കും ഒരു കഥ പറയാനുണ്ടായിരുന്നു

കേൾക്കാനാളില്ലാത്ത അതേ കഥയാണ്

തെരുവിലെ പാണ്ടനും കുറിഞ്ഞിക്കും പേരില്ലാത്തവർക്കൊക്കയും പറയാനുളളത്…

അന്നം മുട്ടിച്ച കൊറോണയെക്കുറിച്ച്

ലോക്ക്ഡൗൺ കാലത്ത് പട്ടിണിയായവരിൽ അവരുമുണ്ടായിരുന്നു….

Create your website at WordPress.com
Get started